സിബി മലയിൽ സംവിധാനം ചെയ്ത 2000 ൽ റിലീസ് ആയ മോഹൻലാൽ നായകനായ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രം ‘Devadoothan‘ വീണ്ടും റിലീസിന് തയ്യാറെടുത്തതായി നിർമ്മാതാക്കൾ അറിയിച്ചു. ഇത് ആരാധകരെയും സിനിമാപ്രേമികളെയും ഒന്നടക്കം ആവേശഭരിതരാക്കുകയാണ് . 24 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ എന്ന വിശാൽ കൃഷ്ണമൂർത്തിയും വിനീത് എന്ന മഹേശ്വറും ജയപ്രദ എന്ന അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു.
സിനിമ ജൂലൈ 26 ന് തിയറ്ററുകളില്‍ എത്തും എന്നാണ് അറിയപ്പെടുന്നത് . മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് Devadoothan. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. റീ റിലീസിന് മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയ്‍ലര്‍ ലോഞ്ച് കൊച്ചിയിൽ നടന്നു.
മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത ചടങ്ങിലാണ് 4K , ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട സിനിമയുടെ ട്രയ്‍ലര്‍ പുറത്തിറങ്ങിയത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തി(മോഹൻലാൽ ) തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതാണ് കഥാതന്തു. 2000 ൽ റിലീസ് ആയ Devadoothan അന്ന് വലിയ പരാജയം ആയിരുന്നു എങ്കിലും പിന്നീട് പ്രേക്ഷക ഹൃദയങ്ങളിൽ കയറിപറ്റിയിരുന്നു.അതുകൊണ്ടു തന്നെ കൗതുകമുണർത്തുന്ന കഥയും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗറിൻറെ മാസ്മരിക സംഗീതവും സിനിമ വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നു.
ചിത്രത്തിൻ്റെ നിർമ്മാണം വഹിച്ചിരിക്കുന്നത് കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് . സന്തോഷ് .സി. തുണ്ടിൽ ഛായാഗ്രാഹനവും എഡിറ്റിങ് എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
Devadoothan Trailer 4K:
Devadoothan: മറ്റ് അണിയറ പ്രവർത്തകർ.
- പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്
- ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ
- കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ
- കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി
- മേക്കപ്പ്: സി.വി. സുദേവൻ, സലീം
- കൊറിയോഗ്രാഫി: കുമാർ ശാന്തി
- സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ്.കെ.മാരാർ
- അറ്റ്മോസ് മിക്സ്: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ്
- മിക്സ് സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്
- വി എഫ് എക്സ്: മാഗസിൻ മീഡിയ
- കളറിസ്റ്റ്: സെൽവിൻ വർഗീസ്
- 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്
- ഡിസ്ട്രിബ്യൂഷൻ:കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്
- ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈസ്റ്റുഡിയോസ്)
- മാർക്കറ്റിംഗ്: ഹൈപ്പ്
- പി.ആർ.ഒ: പി.ശിവപ്രസാദ്
- സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി)
- പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻറ്സ്, റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ