പ്രശസ്ത ഗിത്താറിസ്റ്റ് ജോസ് തോമസ് നിര്യാതനായി. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരുന്ന വഴി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്ന അദ്ദേഹം വിമാനം ലാൻഡ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മകൻ അമൽ വിമാനജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തരചികിത്സ നൽകിയ ശേഷം ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോൺവെന്റിന്റെ ജൂബിലി ആഘോഷങ്ങൾക്ക് ജോസിന്റെ സംഗീതം വേണമെന്ന് കന്യാസ്ത്രീ ആയ സഹോദരി ആൻസി മരിയ അറിയിച്ചതിനെ തുടർന്ന് മകൻ അമൽ ജോസ്നേയും കൂട്ടി ദണാഫ്രിക്കയിൽ എത്തിയതായിരുന്നു ജോസ്. ദണാഫ്രിക്കയിലേക്ക് പോകുന്നതു വരെ സംഗീതപരിപാടികളിൽ സജീവമായിരുന്ന ജോസ് ചാനലുകളിലെ റിയാലിറ്റി ഷോകളിലും ഗായകരുടെ പരിപാടികളിലും പിന്നണിയിലുണ്ടായിരുന്നു.
Guitarist Jose Thomas
1991-ൽ ജോസും റിഥം പ്രോഗ്രാമർ റെന്നിയും വയലിനിസ്റ്റ് ജോമോനും റെജിയും ചേർന്ന് വെള്ളയമ്പലത്ത് ‘നാദബ്രഹ്മം അക്കാദമി ഓഫ് ഫൈൻ ആർട്‌സ്’ തുടങ്ങിയത് വളരെ പെട്ടന്നാണ് പ്രശസ്തമായത്. കെ.പി.ഉദയഭാനുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഓൾഡ് ഈസ് ഗോൾഡ് എന്ന ഓർക്കസ്ട്ര നാദബ്രഹ്മത്തെ ഏൽപ്പിച്ചു. 1996 മുതൽ ജി.ദേവരാജൻ മാസ്റ്ററുടെ സംഗീതസംവിധാന സഹായിയായി. ജോൺസൺ, രാമേഷ് നാരായൺ, എം.ജയചന്ദ്രൻ തുടങ്ങിയ സംഗീതസംവിധായകർക്ക് ഒഴിച്ചുകൂടാനാകാത്ത ഗിറ്റാറിസ്റ്റ് ആയിരുന്നു ജോസ് തോമസ്. കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാർ തുടങ്ങിയ ഗായകരുടെ പരിപാടികളിലും നിരവധി സിനിമകളിലും സംഗീത സംവിധായകർക്കായി പിന്നണിയിൽ ജോസ് തോമസ് ഉണ്ടായിരുന്നു. 2007 മുതൽ നാലുവർഷം അമേരിക്കയിലെ അറ്റ്‌ലാന്റയിൽ സംഗീതാധ്യാപകനായിരുന്നു ജോസ് തിരുമലയിൽ ടാലന്റ് സ്‌കൂൾ ഓഫ് മ്യൂസിക് എന്ന സ്ഥാപനം നടത്തുന്നുണ്ട്.
ജോസിന് ആദരാജ്ഞലികൾ നേരുന്നു.